എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

വ്യാഴാഴ്‌ച, ഏപ്രിൽ 14, 2016

..............ഭൂത കാലത്തിലേക്ക് ഒരു എത്തിനോട്ടം !!



ഫോണില്‍ അക്കങ്ങള്‍ കുത്തിത്തീര്‍ന്നപ്പോള്‍, ഞാൻ റിസീവര്‍ ചെവിയിലേക്ക് ചേര്‍ത്തു. ഒരു നിമിഷത്തിനുശേഷം മറുപുറത്തുനിന്ന് കേട്ടു.

''നാളികേരത്തിന്റെ നാട്ടിലെനിക്കൊരു  നാഴി ഇടങ്ങഴി മണ്ണുണ്ട് '' ''.നാളികേരത്തിന്റെ നാട്ടിലെനിക്കൊരു  നാഴി ഇടങ്ങഴി മണ്ണുണ്ട് ...ഒരു നാഴിയിടങ്ങയി മണ്ണുണ്ട് ...........

.വളരെ മധുരമായ  റിങ്‌ടോണ്‍ പാട്ട്.
പെട്ടെന്നുതന്നെ ഞാൻ ഫോണ്‍ കട്ട് ചെയ്തു. താന്‍ വിളിച്ച നമ്പര്‍ തെറ്റിയിരിക്കുന്നു. വരണ്ട ഒരു കച്ചവടത്തിന്റെ കണക്കുകള്‍ മാത്രം സംസാരിക്കാറുള്ള മൊയിദീൻ എന്ന മനുഷ്യന്റെ മൊബൈല്‍ഫോണില്‍ ഇങ്ങനെയൊരു പാട്ട് വരാനേയില്ല. ഇന്നലെകൂടി വിളിച്ചപ്പോള്‍ ഒരു വികാരവുമില്ലാത്ത ഫോണ്‍ മുഴക്കം മാത്രമേ  മൊയ്‌ദീൻക്കാന്റെ  മൊബൈലില്‍ ഉള്ളതായിരുന്നുതാനും.

പക്ഷേ, വീണ്ടും മൊയിദീൻക്കാന്റെ നമ്പര്‍ ഉറപ്പുവരുത്തി വിളിക്കുന്നതിനുപകരം ഞാൻ വിരല്‍കൊണ്ട് റീഡയലിങ് കട്ടയിലാണമര്‍ത്തിയത്. ഒരിക്കല്‍കൂടി ആ പാട്ട് വന്നുതുടങ്ങി:

.നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി യിടങ്ങഴി മണ്ണുണ്ട്..
 ഒരുനാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളി കൂടുപോലുള്ളൊരു നാലുകാലോല പുരയുണ്ട് ...


റിങ്‌ടോണ്‍ പൂര്‍ണമായി പാടിത്തീരുന്നതുവരെ ഞാൻ കേട്ടു.
ഒരു സന്ധ്യാ സമയത്തു എന്റെ പ്രിയപ്പെട്ട ഉപ്പ ഞാനെന്ന നാല് വയസുകാരനെയും  തോളിലേറ്റി കൊണ്ടുപോയി കാണിച്ചു തന്ന എന്റെ ജീവിതത്തിലെ ആദ്യത്തെ  സിനിമ ''തുറക്കാത്ത വാതിൽ ...
എത്രയോ കാലമായി ഈ പാട്ട് കേട്ടിട്ട്! വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഒടുവിലായി ഈ പാട്ട് കേട്ടത്. അപ്പോഴൊന്നും ഈ പാട്ടിനോട് പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല.

എന്നാല്‍, ഇപ്പോള്‍ റിങ്‌ടോണ്‍ മാത്രമായി ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സ് എന്തിലേക്കൊക്കെയോ ഉണരുകയാണ്. കുറെ കാലമായി ഒന്നിലേക്കും ഉണര്‍ന്നിട്ടില്ലാത്തവിധംതന്നെ.

വീണ്ടും കേട്ടതോടെ, ആ റിങ്‌ടോണ്‍ പിന്നെയും പിന്നെയും കേള്‍ക്കണമെന്ന് തോന്നുകയാണ്. ഞാൻ ഒന്നുംതന്നെ ചിന്തിക്കാതെ, റീഡയലിങ്ങില്‍ വിരലമര്‍ത്തി. ഇത്തവണ പാട്ട് കേട്ട് കഴിഞ്ഞതും ഞാൻ ഇരുന്ന കസേരയില്‍നിന്ന് എഴുന്നേറ്റു.
മൊയിദീൻ ക്കാന്റെ ഫോണില്‍നിന്ന് ഇങ്ങോട്ടോ ഇവിടെനിന്ന് അങ്ങോട്ടോ ഉള്ള വിളികളല്ലാതെ മറ്റൊരു മനുഷ്യസ്വരംപോലും ഇവിടെ ഉയരാറുമില്ല. എന്നാല്‍, എന്റെ മണ്ണിനെപ്പറ്റിയുള്ള ഈ പാട്ട് ഈ മൗനത്തിലേക്ക് വല്ലാത്ത ഒരു മുഴക്കമായി പതിച്ചിരിക്കുകയാണ്.

പെട്ടെന്നാണ് ഞാൻ ഒരു കാര്യം ഓര്‍ത്തത്. താന്‍ ഇപ്പോള്‍ തെറ്റിവിളിച്ച ആ നമ്പര്‍ ആരുടേതായിരിക്കും? അതിന്റെ ഉടമസ്ഥന്‍ അല്ലെങ്കില്‍ ഉടമസ്ഥ അപരിചിതമായ ഒരു നമ്പറില്‍നിന്ന് മൂന്നുതവണ വിളിച്ചത് കാണുമ്പോള്‍ എന്താകും ചിന്തിക്കുക?
ആ നിമിഷംതന്നെ, എന്നെ ഞെട്ടിച്ചുകൊണ്ട് മുറിയില്‍ ഫോണിന്റെ നാദമുയര്‍ന്നു.
റിസീവര്‍ ചെവിയോട് ചേര്‍ത്ത് ഞാൻ ഹലോ പറഞ്ഞു. മറുപുറത്ത് നിശ്ശബ്ദതയുടെ ഒരു വേള. ഹലോ എന്ന് ഞാൻ വീണ്ടും പറയാനാഞ്ഞതും അപ്പുറത്തുനിന്ന് ആ പെണ്‍ശബ്ദം കേട്ടു: ''എന്റെ മൊബൈലിലേക്ക് ഈ നമ്പറില്‍നിന്നുള്ള കോളുകള്‍ കിടക്കുന്നത് കണ്ടു. ഇതാരാണ്?''
ഞാൻ ഒന്നു പകച്ചു. എന്താണ് പറയുക! വെറുതെ വിളിച്ചതാണെന്ന് പറഞ്ഞാല്‍, മൂന്നു പ്രാവശ്യം റോങ് നമ്പറായി വിളിച്ചതാണെന്നു പറഞ്ഞാല്‍ ,

പക്ഷേ, ഒരു പെണ്ണിന്റെ മൊബൈലിലേക്കാണ് താന്‍ വിളിച്ചിരിക്കുന്നത്. സ്വരം കേട്ടിട്ട് ചെറുപ്പത്തിനും മധ്യവയസ്സിനും ഇടയിലുള്ള ഒരാളുടേതുപോലെ തോന്നുന്നു. മൊബൈല്‍വിളികള്‍ പലവിധ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന ഇക്കാലത്ത്, വളരെ സൂക്ഷിച്ചുവേണം എന്തെങ്കിലും പറയാന്‍.
എന്നാല്‍, സ്വയം അദ്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞു: ''ദയവായി ക്ഷമിക്കണം. ആദ്യം വിളിച്ചത് ഒരു റോങ്‌നമ്പറായി പോയതാണ്. പക്ഷേ, നിങ്ങളുടെ മൊബൈലിലെ ഈ റിങ്‌ടോണ്‍പാട്ട് കേട്ടപ്പോള്‍ വീണ്ടും അത് കേള്‍ക്കാന്‍ കൊതി തോന്നി. അങ്ങനെ വിളിച്ചതാണ്.''
അപ്പുറത്തുനിന്ന് തീര്‍ത്തും അപ്രതീക്ഷിതമായി ഒരു ചിരി ഉയര്‍ന്നു: ''ആദ്യമായാണ് ഇങ്ങനെയൊന്ന് കേള്‍ക്കുന്നത്, റിങ്‌ടോണിനു വേണ്ടി മാത്രം ഒരു വിളി.''

അത്രയും കേട്ടതും ഞാൻ പറഞ്ഞു: ''വിഷമമില്ലെങ്കില്‍ ഒരു കാര്യം പറഞ്ഞോട്ടെ... ഇനിയും എപ്പോഴെങ്കിലുമൊക്കെ ഞാനീ നമ്പറില്‍ ഒന്ന് വിളിച്ച് ആ റിങ്‌ടോണ്‍ ഒന്ന് കേട്ടോട്ടെ. എന്റെയീ ഫോണ്‍ നമ്പര്‍ ഒന്ന് സെയ്‌വ് ചെയ്തിട്ടാല്‍...''
മറുതലക്കല്‍ വീണ്ടും ചിരി:
''ഇത് ഭയങ്കര സ്‌ട്രെയിഞ്ചാണല്ലോ. സത്യത്തില്‍ എന്താ നിങ്ങളെ ഉദ്ദേശം?''
''ഇല്ല മാഡം, വേറെ ഉദ്ദേശങ്ങളൊന്നുമില്ല. എനിക്ക് മറ്റൊന്നും വേണ്ടതില്ല. റിങ്‌ടോണ്‍ കേട്ടാല്‍ മാത്രം മതി'', ഞാൻ തെല്ല് ചമ്മലോടെ പറഞ്ഞു.
''ഓഹോ, അങ്ങനെയോ, എങ്കില്‍ ഈ പാട്ട് നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ട് ആവശ്യമുള്ളപ്പോള്‍ കേട്ടാല്‍ പോരെ?
''അതിപ്പോ... ഞാനെന്താ പറയുക... ആ പാട്ട് ഇങ്ങനെ റിങ്‌ടോണിന്റെ ശകലം മാത്രമായി കേള്‍ക്കുമ്പോള്‍ എന്തോ പ്രത്യേകതയുണ്ട്. പിന്നെ... എനിക്ക് മൊബൈല്‍ ഫോണ്‍ ഇല്ല.''

''ഓ... ശരി, എങ്കില്‍ ഞാന്‍ താങ്കള്‍ പറഞ്ഞതുപോലെ ഈ നമ്പര്‍ സെയ്‌വ് ചെയ്തിടാം. പക്ഷേ, ഞാന്‍ ഏത് പേരിലാണ് താങ്കളുടെ നമ്പര്‍ സെയ്‌വ് ചെയ്യേണ്ടതെന്ന് ഒന്ന് പറയുമോ?''
ഞാൻ തെല്ല് ആലോചിച്ചു. ശേഷം പറഞ്ഞു:
''പേരൊന്നും ആവശ്യമില്ല. അപരിചിതന്‍, ങാ, സ്‌ട്രെയിഞ്ചര്‍ എന്നുമാത്രം പേരിന്റെ സ്ഥാനത്ത് ഫീഡ് ചെയ്താല്‍ മതി. എന്തായാലും, ഈ റിങ്‌ടോണ്‍ കേള്‍ക്കുന്നതിനപ്പുറം മാഡത്തെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാന്‍ എനിക്ക് താല്‍പര്യമില്ല.''

''അപ്പോള്‍, താങ്കള്‍ക്ക് ഞാനാരാണെന്നും എന്റെ പേരെന്താണെന്നും ഒന്നും അറിയണമെന്നേ ഇല്ലേ?'' അവിശ്വസനീയമായത് എന്തോ കേട്ട ഭാവത്തില്‍ മറുപുറത്ത് ശബ്ദം ഉയര്‍ന്നു.

''സോറി, അത്തരം അറിവുകള്‍ക്ക് ഒരു താല്‍പര്യവുമില്ലാത്ത, അറിവുകള്‍കൊണ്ട് ഒരു കാര്യവുമില്ലാത്ത ഒരു ജീവിതമാണ് എന്‍േറത്.''

''നിങ്ങളുടെ സംസാരം കേള്‍ക്കുമ്പോള്‍ ഏതൊക്കെയോ ദുരൂഹതകള്‍ നിങ്ങളുടെ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഓകെ, ആയിക്കോട്ടെ . റിങ്‌ടോണ്‍ കേള്‍ക്കണമെന്ന് തോന്നുമ്പോള്‍ വിളിച്ചോളൂ.''

''താങ്ക്‌യൂ, മാഡം. ഒറ്റക്കാര്യംകൂടി. ആ മൊബൈല്‍ നമ്പര്‍ എനിക്കൊന്ന് പറഞ്ഞുതരുമോ? ഇത് കോളര്‍ ഐഡി ഇല്ലാത്ത ഫോണായതിനാല്‍ ഏതുനമ്പര്‍ ആണ് ഞാന്‍ തെറ്റി വിളിച്ചതെന്ന് അറിഞ്ഞുകൂടല്ലോ?''

''അത് നന്നായി, ഇപ്പോഴെങ്കിലും താങ്കള്‍ ഇക്കാര്യം ഓര്‍ത്തിരുന്നില്ലെങ്കില്‍ എന്റെ നമ്പര്‍ ചിലപ്പോ കിട്ടാതെ പോയേനേ. ദാ എഴുതിയെടുത്തോളൂ.''

ഞാൻ അവര്‍ പറഞ്ഞുതന്ന നമ്പര്‍ കുറിച്ചെടുത്തു. 'ബൈ' എന്ന് അവര്‍ പറഞ്ഞതിന് 'ബൈ' എന്ന് ഞാനും പ്രതിവചിച്ചിട്ട് ഫോണ്‍ വെച്ചു.
എന്നാല്‍, തൊട്ടടുത്ത ദിവസങ്ങളില്‍ ഞാൻ ആ നമ്പറിലേക്ക് വിളിച്ചില്ല. മൊയിദീൻ ക്കാന്റെ കടയിലെ പണി കഴിഞ്ഞ് വന്ന് സന്ധ്യക്ക് മുറിയില്‍ തനിയെ ഇരിക്കുമ്പോള്‍ ഞാൻ ആ റിങ്‌ടോണ്‍ മനസ്സിലിട്ട് പാടിക്കൊണ്ടിരുന്നു

ഇരുളിലും മഞ്ഞിലും ചൂളിപ്പിടിച്ച് നില്‍ക്കുന്ന ആ പഴയ കെട്ടിടത്തിലിരിക്കവേ ഞാൻ ഓര്‍ത്തു, ആ പാട്ട് പറയുന്നത് തന്റെതന്നെ ജീവിതമാണ്. നിലക്കാത്ത യാത്രയോടെയുള്ള പ്രവാസജീവിതം   ഏതൊക്കെയോ അപരിചിതവും ഭീതിദവുമായ വഴികളിലൂടെയായിരുന്നു സഞ്ചാരം. അത് ഇപ്പോഴും തുടരുകതന്നെയാണ്. യാത്ര ഇനിയും ഏതൊക്കെ തിരിവുകളിലൂടെ കടന്നുപോകുമെന്നും നിശ്ചയില്ല.

തനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളുടെ മൊബൈലില്‍നിന്ന് റിങ്‌ടോണായി ദൂരത്ത് എവിടെയോനിന്ന് ആ പാട്ട് കേള്‍ക്കുമ്പോള്‍,എന്റെ നാട്ടിലെത്തിയത് പോലെ  ഏതോ ഒരു ശാന്തി തന്നെ വന്ന് പൊതിയുന്നതുപോലെ. പിന്നീട്, ഓരോ തവണ ആ നമ്പറിലേക്ക് വിളിക്കുമ്പോഴും ഞാൻ ആ ശാന്തി ഏറ്റുവാങ്ങി.
ഒരു തവണ ഞാൻ ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ റിങ്‌ടോണ്‍ തുടങ്ങിയതും അവര്‍ അത് കട്ട് ചെയ്ത് അടുത്ത നിമിഷംതന്നെ തിരികെ വിളിച്ചു.

''സോറി, ഒരു കാര്യം ചോദിക്കാനാണ്. ഇത്രയും കാലം കഴിഞ്ഞിട്ട് താങ്കള്‍ക്ക് നമ്മള്‍ക്കിടയില്‍ ഒരു പരിചയം വല്ലതും വേണമെന്ന തോന്നല്‍ ഉണ്ടായോ എന്നറിയാനാണ്. ഒരു പെണ്ണിന്റെ ഫോണ്‍നമ്പര്‍ കിട്ടിയാലുടന്‍ ആക്രാന്തങ്ങള്‍ക്ക് മാത്രം ശ്രമിക്കുന്ന ധാരാളം ആണുങ്ങളുള്ള ഈ ലോകത്ത് അതിലൊന്നും തീരെ താല്‍പര്യമില്ലാതെ മാറിനില്‍ക്കുന്ന നിങ്ങളുടെ ഈ പ്രകൃതം എനിക്കൊരു കൗതുകമായി. അതും, വേണമെങ്കില്‍ പരിചയമാവാം എന്ന് ഞാനങ്ങോട്ട് ഓഫര്‍ ചെയ്തിട്ടുപോലും.'' അവരുടെ സ്വരത്തില്‍ ഒരു ചിരി കലര്‍ന്നിരുന്നു
കുറെക്കാലം മുമ്പുവരെ താനും അത്തരം ആക്രാന്തങ്ങളുടെ ലോകത്ത് തന്നെയായിരുന്നെന്നും അതില്‍ തന്നെ വെല്ലാനായി ആരുമില്ലായിരുന്നെന്നും പറയട്ടെ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു. പിന്നെ വേണ്ടെന്നുവെച്ചിട്ട് പറഞ്ഞു: ''ഇല്ല മാഡം, അങ്ങനെയൊരു ചിന്ത ഇതേവരെ എനിക്ക് വന്നിട്ടില്ല. റിങ്‌ടോണ്‍ മാത്രം.''

''ഓകെ, ഒരു കാര്യംകൂടി പറഞ്ഞിട്ട് വെച്ചേക്കാം. നിങ്ങളുടെ സ്വരം കേള്‍ക്കുമ്പോള്‍, വലിയൊരു മഴക്ക് തൊട്ടുമുമ്പുള്ള തണുത്ത മഴക്കാറ്റ് വീശുന്ന അന്തരീക്ഷമില്ലേ, അത്തരമൊന്നാണ് ഓര്‍മവരുന്നത്.''

ഞാൻ ആകെ ഒന്നുലഞ്ഞു. ഒരു പെണ്ണില്‍നിന്ന് ഇങ്ങനെയൊക്കെ കേട്ടിട്ട് കാലങ്ങളായിരിക്കുന്നു. വേണ്ട ഒന്നും വേണ്ട.
അപ്പോള്‍ വീണ്ടും മറുഭാഗത്തുനിന്ന് കേട്ടു: ''ഓള്‍ ദ ബെസ്റ്റ് ടു യു ഫ്രന്‍ഡ്, ബൈ.''
ഞാനും യാന്ത്രികമായി പറഞ്ഞു: ''താങ്ക്‌യൂ, ബൈ.''

പിന്നീടൊക്കെ എപ്പോഴെങ്കിലും ഇതേപോലെ അവര്‍ തന്നെ തിരിച്ചുവിളിക്കുമെന്ന് ഞാൻ സംശയിച്ചെങ്കിലും അതുണ്ടായില്ല. അങ്ങനെ, കുറെ നാളുകള്‍കൂടി കഴിഞ്ഞപ്പോള്‍ ഇനിയൊരിക്കലും അവര്‍ ഒരു സംഭാഷണത്തിന് മുതിരുകയില്ല എന്നുതന്നെ ഞാൻ ഉറപ്പിച്ചു. ആഴ്ചയില്‍ മൂന്നുനാലു തവണയെങ്കിലും ഞാൻ മണ്ണിന്റെ  മണമുള്ള  പാട്ട് ശകലം കേട്ട് ഏതോ ഒരു സാന്ത്വനത്തിലെത്തി.

എന്നാല്‍, ഒരുനാള്‍ ഏതാണ്ട് ഒരാഴ്ചത്തെ വിടവിനുശേഷം ഞാൻ വിളിച്ചതും മറുപുറത്ത് റിങ്‌ടോണ്‍ മുറിഞ്ഞുവീണു. പക്ഷേ, ഇപ്പോള്‍ എന്റെ കാതുകളിലേക്ക് കടന്നുവന്നത് അവരുടെ സ്വരമായിരുന്നില്ല. പകരം, നല്ല മുഴക്കത്തിലുള്ള ഒരു പുരുഷസ്വരം.
''ഹലോ''
''ഹലോ'', തെല്ല് പതര്‍ച്ചയോടെ ഞാനും പ്രത്യഭിവാദനംചെയ്തു.
''ഇത് റിങ്‌ടോണ്‍ പാട്ട് കേള്‍ക്കാനായി പതിവായി വിളിക്കാറുള്ള ആളല്ലേ?''
''അതെ.''
''ഓകെ, ഞാന്‍ അവരുടെ ഭര്‍ത്താവാണ്.'' തുടര്‍ന്ന് നിശ്ശബ്ദത. ആ മനുഷ്യന്‍ എന്തോ ഒന്ന് കാര്യമായി പറയാന്‍ ശ്രമിക്കുന്നതുപോലെ എനിക്ക് തോന്നി !!

വീണ്ടും മറുതലക്കല്‍നിന്ന് സംസാരം കടന്നുവന്നു. ''എന്നോട് നിങ്ങളുടെ കാര്യമൊക്കെ പറഞ്ഞിട്ടുണ്ട്. ങാ, ഞാനിനി ഒരു കാര്യം പറയുകയാണ്... എന്റെ ഭാര്യ രണ്ടുദിവസം മുമ്പ് മരിച്ചു !

റിസീവര്‍ എന്റെ കൈയിലിരുന്ന് വിറച്ചു. അതേവരെ ചുറ്റിലുമുണ്ടായിരുന്ന പുകമഞ്ഞത്രയും പൊള്ളുന്ന ആവിയായി ശരീരത്തെ പൊതിയുന്നതുപോലെ തോന്നി. ഏതാനും നിമിഷങ്ങളിലേക്ക് എനിക്ക് വാക്കുകള്‍ കിട്ടിയതേ ഇല്ല.
''നോ, നോ'', എന്റെ ചുണ്ടുകള്‍ അസ്‌പഷ്ടമായി ഉച്ചരിച്ചു.
''അതേ സുഹൃത്തേ, അവര്‍ പോയി. ഏതാണ്ട് കഴിഞ്ഞ ഒന്നരവര്‍ഷമായി കാന്‍സറായിരുന്നു. എപ്പോഴെങ്കിലും നിങ്ങളോട് പറയണ്ടേ എന്ന് ഞാന്‍തന്നെ അവരോട് ചോദിച്ചിരുന്നു. അപ്പോഴൊക്കെ, ഏയ് വേണ്ട, ആ മനുഷ്യന്‍ എന്തിനാണ് വെറുതെ വേദനിക്കുന്നത്, അയാള്‍ ആ റിങ്‌ടോണ്‍ മാത്രം കേട്ടിട്ട് ഏതോ സമാധാനത്തില്‍ ജീവിച്ചോട്ടെ എന്ന് പറയുമായിരുന്നു. മരണത്തിലേക്കടുക്കുന്നതിനുമുമ്പുള്ള ദിവസങ്ങളില്‍ നിങ്ങളുടെ കോള്‍ വരുമ്പോള്‍, സ്‌ട്രെയിഞ്ചര്‍ എന്ന പേര് അതില്‍ തെളിയുമ്പോള്‍ നല്ല വേദനക്കിടയിലും അവര്‍ ചിരിച്ചിരുന്നു. മൈ സ്‌ട്രെയിഞ്ച് ഗുഡ്്ഫ്രന്‍ഡ് എന്നാണ് അവര്‍ നിങ്ങളെപ്പറ്റി പറഞ്ഞിരുന്നത്.''

അല്ലാഹ് ...... എന്നൊരു ശബ്ദം എന്റെ ചുണ്ടിലൂടെ പുറത്തേക്ക് വന്നു !!

''ആകെ രണ്ട് വട്ടമേ നിങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളൂ അല്ലേ?''
''അതേ.''
''ങാ, രണ്ടാംവട്ടം സംസാരിച്ചപ്പോഴേക്ക് അവര്‍ക്ക് അക്യൂട്ട് കാന്‍സറാണെന്നറിഞ്ഞ് ആറുമാസം കഴിഞ്ഞിരുന്നു. അപ്പോഴാണ് ഇനിയും കൂടുതല്‍ പരിചയപ്പെടണോ എന്നവര്‍ നിങ്ങളോട് ചോദിച്ചത് ?

എന്റെ ശരീരമാകെ വട്ടംകറങ്ങുന്നതുപോലെ തോന്നി. റിസീവറിലുള്ള പിടിവിട്ടാല്‍ താന്‍ നിലത്തേക്ക് വീണ് പൊട്ടിയമരുമെന്ന് ഞാൻ പേടിച്ചു തന്റെ ഭാഗത്തുനിന്ന് സ്വരമൊന്നും കേള്‍ക്കാത്തതിനാലാവണം മറുപുറത്തുനിന്ന് ''ഹലോ, ഹലോ'' എന്ന് ആവര്‍ത്തിച്ചുകേട്ടു.
''കേള്‍ക്കുന്നുണ്ട്'', പതിഞ്ഞ ശബ്ദത്തോടെ ഞാൻ പറഞ്ഞു.
''മരണത്തിന് ഏതാനും ദിവസംമുമ്പ് അവര്‍ എന്നോട് പറഞ്ഞു, ഈ റിങ്‌ടോണ്‍ ഒരിക്കലും മാറ്റരുത്. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ നമ്പറിലേക്ക് വിളിച്ച് ആ പാട്ട് കേള്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും.''

പക്ഷേ, പിന്നീടൊരിക്കലും ഞാൻ ആ നമ്പറിലേക്ക് വിളിച്ചതില്ല ,സന്ധ്യകളില്‍ മുറിക്ക് പുറത്തുള്ള ഇരുമ്പുകസേരയില്‍ ഇരിക്കവെ,.ആ പാട്ട് എന്റെ ചുണ്ടുകളിൽ തത്തികളിച്ചു കൊണ്ടിരുന്നു ...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി യിടങ്ങഴി മണ്ണുണ്ട്..
 ഒരുനാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളി കൂടുപോലുള്ളൊരു നാലുകാലോല പുരയുണ്ട് ....
                                                                      നാലുകാലോല പുരയുണ്ട്.....
നോമ്പും നോറ്റന്നെ കാത്തിരിക്കും വാഴ കൂമ്പുപോലുള്ളൊരു പെണ്ണുണ്ട് 
ചാമ്പക്ക ചുണ്ടുള്ള ചന്ദന കവിളുള്ള ചാട്ടുളി കണ്ണുള്ള പെണ്ണുണ്ട് ...
നാളികേരത്തിന്റെ ......


പാട്ടിൽ ഇന്നും പെണ്ണുണ്ട്  '' പക്ഷെ എന്റെ വീട്ടിൽ ഇന്ന് ആ പെണ്ണില്ല .....

വർഷങ്ങൾ കഴിഞ്ഞു  2015 നവംബര് 25 നു  എന്റെ ഭാര്യയും ആ അപരിചിതയായ സ്ത്രീയുടെ അതെ രോഗത്തിന് അടിപ്പെട്ടു മരണത്തിനു കീഴടങ്ങി ഞാനും  മരുഭൂമിയിലൂടെയുള്ള  യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു !!.
നീറുന്ന കണ്ണുമായി നിന്നെ കിനാക്കണ്ടു ദൂരത്തു വാഴുന്നു ഞാനെന്നും ....

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...