എഴുതാൻ മറന്നു പോയ വരികളായി.... സ്വന്തബന്ധങ്ങളെ താളുകളിലെവിടൊക്കെയോ എഴുതിത്തീർത്തിരിക്കുന്നു........പൂർണ്ണാർത്ഥമില്ലാതെ....പറയാൻ കഴിയാത്ത........എഴുതിയൊഴിക്കാനാവാതെ ബാക്കിയായവ ഇടക്കിടെ നൊമ്പരം പടർത്തി... മഷിയുറച്ച് തെളിയാതെ പോയ അക്ഷരങ്ങളായവയും എഴുതപ്പെടണം.... കണ്ണീരു വീണു മഷി പടർന്നപ്പോൾ എന്റെ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും ...! കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ....ചരട് പൊട്ടിയ മുത്തുമാലപോലെ ....തട്ടിക്കമഴ്ത്തിയ ചായക്കുട്ടുകല്‍പോലെ....ചതഞ്ഞരഞ്ഞ തംബുരുകല്‍പോലെ....താളം മുറിഞ്ഞ ഗാനങ്ങല്‍പോലെ....തിരശ്ശീല വീണ നടകരഗംപോലെ ...ജിവിതം അലയുന്നു . പക്ഷെ .നിങ്ങളോട് .ഒരുഅപേക്ഷ ഇവിടെ.....ഈ ബ്ലോഗിന്റെ ഒരു കോണില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ ഒരു മയില്‍പീലി പോലെ ഒതിക്കി വെച്ചോട്ടെ ..! ആര്‍ക്കും ശല്യമാവാതെ .!!

വെള്ളിയാഴ്‌ച, ജൂലൈ 19, 2013

കുട്ടികളോട് എന്തിനീ ക്രൂരത !!

കട്ടപ്പന: രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുന്ന നാലര വയസുകാരന്‍ ഷഫീഖിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വെള്ളിയാഴ്ച രാവിലെ കുട്ടിയെ സി.ടി. സ്കാനിന് വിധേയമാക്കി. ചൊവ്വാഴ്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴത്തെ അതേ അവസ്ഥയാണ് സി.ടി. സ്കാനില്‍ തെളിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു,

ഇത് വായിക്കുമ്പോൾ മറ്റൊരു കഥയാണ് ഓര്മ്മ വരുന്നത് !!
പ്രകൃതിയില്‍ പടച്ച തമ്പുരാന്‍ ഒരുക്കിയ ദൃശ്യവിസ്‌മയങ്ങള്‍ ആസ്വദിച്ചുകൊണ്ട്‌ ഒരു തത്ത്വജ്ഞാനി പുഴക്കരയില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഒരു തേള്‍ പുഴയിലേക്ക്‌ വീണത്‌. അത്‌ മുങ്ങിപ്പോകുമെന്ന്‌ ഉറപ്പായിരുന്നു. എങ്കിലും കൈകാലുകളിട്ടടിച്ച്‌ അത്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്‌. പുഴയില്‍ നല്ല ഒഴുക്കുള്ളതുകൊണ്ട്‌ തേളിന്‌ നീന്തി കരപറ്റാന്‍ കഴിയുമായിരുന്നില്ല. തേളിന്റെ ഈ മരണപ്പിടച്ചില്‍ തത്ത്വജ്ഞാനി കാണുന്നുണ്ട്‌. തേളിനെ രക്ഷിക്കാനായി അയാള്‍ കൈ നീട്ടി. തേള്‍ ഒരു കുത്ത്‌ വെച്ചുകൊടുത്തു. വേദനകൊണ്ട്‌ തത്ത്വജ്ഞാനി ഉച്ചത്തില്‍ നിലവിളിച്ചുപോയി. തേള്‍ അപ്പോഴും മുങ്ങിയും പൊങ്ങിയും കളിക്കുകയാണ്‌. അയാളുടെ മനസ്സ്‌ ആര്‍ദ്രമായി. രണ്ടാമതും കൈ നീട്ടി. പിന്നെയും തേള്‍ കുത്തി. വേദനയില്‍ പിടഞ്ഞ്‌ അയാള്‍ കൈവലിച്ചു. തേളിനെ മുങ്ങി മരണത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ അയാള്‍ മൂന്നാമതും കൈ നീട്ടുകയാണ്‌!
ഇതെല്ലാം കണ്ട്‌ കൊണ്ട്‌ തൊട്ടപ്പുറത്ത്‌ ഒരാള്‍ ഇരിക്കുന്നുണ്ട്‌. അയാള്‍ അടുത്തു വന്നു തത്ത്വജ്ഞാനിയോട്‌ ചോദിച്ചു: ``താങ്കള്‍ വലിയ ജ്ഞാനിയാണല്ലോ രണ്ട്‌ കുത്തുകളേറ്റിട്ടും താങ്കളൊന്നും പഠിച്ചില്ലേ? മൂന്നാമത്തെ കുത്തുകൊള്ളാനും കൈ നീട്ടുകയാണോ?''
ഈ ആക്ഷേപ വാക്കുകളൊന്നും തത്ത്വജ്ഞാനിയെ പിന്തിരിപ്പിച്ചില്ല. അയാള്‍ ഏതോ വിധത്തില്‍ തേളിനെ വെള്ളത്തില്‍ നിന്നും രക്ഷിച്ചു. എന്നിട്ട്‌ ആഗതന്റെ ചുമലില്‍ സ്‌നേഹപൂര്‍വം കൈകള്‍ വെച്ച്‌ ഇങ്ങനെ പറഞ്ഞു: ``മകനെ, കുത്തുക എന്നത്‌ തേളിന്റെ പ്രകൃതമാണ്‌. സ്‌നേഹിക്കുകയും അനുകമ്പ കാണിക്കുകയും ചെയ്യുക എന്നത്‌ എന്റെ പ്രകൃതവും.''
ഇവിടെയിതാ ലോലഹൃദയനായ ഒരു മനുഷ്യന്‍. സ്‌നേഹിക്കാനേ അയാള്‍ക്ക്‌ അറിഞ്ഞു കൂടൂ. പൈശാചിക ചിന്തകളെ അതിജയിച്ചവന്‍. സ്വന്തം ഇഛകളെ കീഴ്‌പെടുത്തിയവന്‍. മരത്തെക്കുറിച്ച്‌ പറയാറുണ്ടല്ലോ നിങ്ങള്‍ മരത്തെ പോലെയാവുക. ആളുകള്‍ അതിനെ കല്ലെറിയുന്നു. മരം തിരിച്ച്‌ പഴങ്ങള്‍ എറിഞ്ഞുകൊടുക്കുന്നു.
ജനങ്ങളുടെ പെരുമാറ്റം പലപ്പോഴും നിങ്ങളെ വേദനിപ്പിക്കും അതൊരിക്കലും നിങ്ങളുടെ ഹൃദയവിശാലയതയെയും നൈര്‍മല്യത്തെയും കെടുത്തിക്കളയരുത.്‌ നിങ്ങളുടെ ഉല്‍കൃഷ്ടമായ ഗുണങ്ങളെയും സ്വഭാവരീതികളെയും മായ്‌ച്ചു കളയാന്‍ കാരണമാകരുത്‌. ഇങ്ങോട്ട്‌ പെരുമാറുന്നതുപോലെ തന്നെ അങ്ങോട്ട്‌ പെരുമാറിയാല്‍ പോരെ എന്ന്‌ ആളുകള്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കും. അത്തരം ചിന്തകളില്‍ നിന്ന്‌ എത്രയോ ഉയരത്തിലാണ്‌ നിങ്ങളെന്നവര്‍ മനസ്സിലാക്കുന്നില്ല. ഈ തത്ത്വം നിങ്ങള്‍ മനസ്സറിഞ്ഞ്‌ അംഗീകരിക്കുന്നുണ്ടെങ്കില്‍ എവിടെയാണ്‌ ആദ്യം നടപ്പില്‍ വരുത്തേണ്ടത്‌? നിങ്ങളുടെ വീട്ടുകാരോട്‌ തന്നെ, നിങ്ങളുടെ കുട്ടികളോട്‌ തന്നെ. പ്രാവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ. ``നിങ്ങളില്‍ ഉത്തമന്‍ വീട്ടുകാരോട്‌ നന്നായി പെരുമാറുന്നവനാണ്‌. നിങ്ങളില്‍ വീട്ടുകാരോട്‌ എറ്റവും നന്നായി പെരുമാറുന്നവന്‍ ഞാനാണ്‌.''
എത്രയോ മാതാക്കളും പിതാക്കളും മക്കളെയോര്‍ത്ത്‌ വേദനിക്കുന്നവരാണ്‌. മക്കള്‍ അനുസരിക്കുന്നില്ലെന്നാണ്‌ പരാതി. പാഠഭാഗങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. അനാവശ്യകാര്യങ്ങളില്‍ സമയം പാഴാക്കുന്നു. പല രക്ഷിതാക്കള്‍ക്കും ഇനിയെന്ത്‌ ചെയ്യുമെന്ന്‌ നിശ്ചയമില്ല. ചിലര്‍ നിരാശരായി പരുക്കന്‍ അടവുകള്‍ പുറത്തെടുക്കുന്നു. ശിക്ഷിച്ചും കടുത്ത ഭാഷയില്‍ ശകാരിച്ചും മാത്രമേ കുട്ടികളെ നന്നാക്കാനൊക്കൂ എന്ന്‌ ചിന്തിക്കുന്നവരാണ്‌ അധിക മാതാപിതാക്കളും. ശിക്ഷണത്തിന്റെ സകല മനഃശാസ്‌ത്ര രീതികളും അവര്‍ കാറ്റില്‍ പറത്തും. ഞങ്ങളൊക്കെ ഇങ്ങിനെയാണ്‌ പഠിച്ചു വളര്‍ന്നത്‌ എന്ന ന്യായീകരണം ചമക്കലുമുണ്ടാകും പിറകെ. അതില്‍പെട്ട ഒരാള്‍ എന്നോട്‌ പറയുകയാണ്‌! ``ഞാന്‍ എന്റെ ഉപ്പയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഞാനൊന്നും അങ്ങോട്ട്‌ പറയാറില്ല. ഇടക്ക്‌ കയറി സംശയം പോലും ചോദിക്കാറില്ല. പറയാന്‍ അധികാരമുള്ളത്‌ അദ്ദേഹത്തിന്‌ മാത്രം. ഞാന്‍ കേട്ടുകൊണ്ടിരുന്നാല്‍ മതി. തിരിച്ചങ്ങോട്ട്‌ എന്തെങ്കിലും പറയുന്നത്‌ മര്യാദക്കേടായി കണക്കാക്കപ്പെടും. ഞാന്‍ മിണ്ടാതിരിക്കുകയാണെങ്കിലും ഉപ്പ ശബ്ദമുയര്‍ത്തിയേ സംസാരിക്കൂ. എപ്പോഴാണ്‌ അടി വീഴുന്നത്‌ എന്നറിയില്ല. അത്‌ ഇടതും വലതും കവിളുകളില്‍ മാറിമാറി വീഴും. അനങ്ങാന്‍ പോലുമാവാതെ ഞാനങ്ങനെ നില്‍ക്കും. ഞാനിങ്ങനെയൊക്കെ ആയത്‌ അതുകൊണ്ടാണ്‌.''
ഞാന്‍ ചോദിച്ചു: ``ഇതേ രീതി തന്നെയാണല്ലോ താങ്കള്‍ താങ്കളുടെ മക്കളോടും അനുവര്‍ത്തിക്കുന്നത്‌?
അയാള്‍: ``തീര്‍ച്ചയായും അതുകൊണ്ടവര്‍ നേരാംവണ്ണം നടക്കുന്നു.''
ഞാന്‍: താങ്കളുടെ മുമ്പില്‍ മക്കള്‍ എങ്ങനെയാണ്‌ നില്‍ക്കുക.
അയാള്‍: ``വിറച്ച്‌ വിറച്ചങ്ങനെ നിശബ്ദരായി എല്ലാം കേട്ടുകൊണ്ട്‌ നില്‍ക്കും. തിരിച്ച്‌ ഒന്നും പറയില്ല. ''
ഇത്തരം പിതാക്കള്‍ക്കൊരിക്കലും സന്താനങ്ങളെ പ്രാപ്‌തി ഉള്ളവരാക്കാന്‍ കഴിയില്ല. താന്‍ പറയുന്നത്‌ മകന്‍ നിശബ്ദനായി കേട്ടിരുന്നെന്നു വരും. തന്റെ അധികാരം അവന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനും കഴിഞ്ഞെന്നിരിക്കും. പക്ഷേ ഭീരുത്വവും വിധേയത്വവുമായിരിക്കും ആ കുട്ടിയുടെ മനസ്സില്‍ വളര്‍ന്നു വരിക. ചാഞ്ചാടുന്ന മാനസിക നിലയുള്ള, ദുര്‍ബലനായ വ്യക്തിയായി അവന്‍ വളരും. സ്വന്തത്തിനോ കുടുംബത്തിനോ സമൂഹത്തിനോ പ്രയോജനപ്പെടാത്ത ദുര്‍ബല വ്യക്തിത്വം.
ഇതിനൊക്കെ ഒരു പരിഹാരമായി സ്‌നേഹശിക്ഷണത്തിന്റെ പലവഴികള്‍ വിദ്യാഭ്യാസ വിചക്ഷരരും മനഃശാസ്‌ത്രജ്ഞരും നമുക്ക്‌ പറഞ്ഞു തന്നിട്ടുണ്ട്‌.
സ്‌നേഹത്തിന്റെ വാക്ക്‌
സ്‌നേഹം കിനിയുന്ന വാക്കുകള്‍ക്ക്‌ ഹൃദയത്തില്‍ വലിയ സ്ഥാനമുണ്ട്‌. ജീവിതത്തെ അനുസ്‌മരിക്കാനും നേര്‍വഴിയില്‍ നടത്താനും അതിന്‌ കഴിവുണ്ട്‌. സ്‌നേഹസ്‌പര്‍ശമുള്ള നല്ല വാക്കിനെ ശാഖകള്‍ പന്തലിച്ച്‌ തഴച്ചു വളരുന്ന, ഏതുകാലവും കായ്‌കനികള്‍ നല്‍ക്കിക്കൊണ്ടിരിക്കുന്ന ഉത്തമ വൃക്ഷത്തോടാണ്‌ ഖുര്‍ആന്‍ ഉപമിച്ചത്‌. (ഇബ്‌റാഹിം:25) ``ആ വൃക്ഷത്തിന്റെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിയിട്ടുണ്ട്‌. കടപുഴകുമെന്ന്‌ പേടിക്കേണ്ട.''
ഒരു പഠന റിപ്പോര്‍ട്ട്‌ ഈയിടെ വായിക്കാനിടയായി. അതില്‍ പറയുന്നത്‌, ഒരാള്‍ കൗമാരമെത്തുമ്പോഴേക്കും ചുരുങ്ങിയത്‌ ആറായിരം മോശപ്പെട്ട വാക്കുകളെങ്കിലും കേള്‍ക്കേണ്ടി വരുന്നുണ്ടെന്നാണ്‌. ഇതില്‍ കുറ്റപ്പെടുത്തലും ശകാരവുമെല്ലാം ഉണ്ടാവും. ഈ കാലയളവില്‍ കേള്‍ക്കുന്ന നല്ല വാക്കുകളുടെ കണക്കും ആ റിപ്പോര്‍ട്ടിലുണ്ട്‌. മുന്നൂറോ നാനൂറോ മാത്രം! ചീത്തവാക്കുകള്‍ കുട്ടിയുടെ വ്യക്തിത്വവികാസത്തെ എങ്ങനെ ബാധിക്കുമെന്ന്‌ മനഃശാസ്‌ത്രജ്ഞരൊക്കെ ചര്‍ച്ച ചെയ്‌തിട്ടുള്ളതാണ്‌. ഉമ്മമാരില്‍ നിന്നോ ഉപ്പമാരില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ഒക്കെയാണ്‌ ഇത്‌ കേള്‍ക്കേണ്ടി വരിക. കുട്ടി ഈ വിധം അപമാനിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ തന്നെക്കുറിച്ച്‌ നടത്തുന്ന ചീത്ത അഭിപ്രായപ്രകടനങ്ങളുടെ വെളിച്ചത്തില്‍ തന്നെയായിരിക്കും അവര്‍ സ്വന്തത്തെയും വിലയിരുത്തുക. മറ്റുള്ളവരുടെ വാക്കുകളെ അവനെ സംബന്ധിച്ചിടത്തോളം ചിത്രകാരന്റെ കയ്യിലെ ബ്രഷ്‌ പോലെയാണ്‌. അഭിപ്രായപ്രകടനം നടത്തുന്നയാള്‍ ചിത്രകാരന്റെ സ്ഥാനത്തും. കറുത്ത ചായം മുക്കിയ ബ്രഷാണ്‌ ചിത്രകാരന്‍ ഉപയോഗിക്കുന്നതെങ്കില്‍ ചിത്രം കറുത്തിരുണ്ടിരിക്കും. ഭംഗിയുള്ള വര്‍ണങ്ങളുപയോഗിച്ചാല്‍ ചിത്രം മനോഹരമായിരിക്കും.
മക്കളെ ചീത്തപറയുന്ന അച്ഛനമ്മമാര്‍ അവരുടെ വ്യക്തിത്വത്തെ വികൃതമാക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. കുട്ടികളുടെ അഭിമാനത്തെ മുറിപ്പെടുത്താതിരിക്കുക. പരിഹാസത്തിന്റെയും നിന്ദ്യതയുടെയും കുറ്റപ്പെടുത്തലിന്റെയും വാക്കുകള്‍ ഒഴിവാക്കുക. കുഞ്ഞു മനസ്സുകളെ അത്‌ എങ്ങനെയൊക്കെ ബാധിക്കുമെന്ന്‌ പറയാന്‍ കഴിയില്ല. ഭയപ്പെടലായോ ഉള്‍വലിയലായോ മാനസിക രോഗങ്ങളായോ അക്രമാസക്തി പ്രകടിപ്പിച്ചോ എങ്ങനെയും അത്‌ പ്രത്യക്ഷപ്പെടാം.
സ്‌നേഹത്തിന്റെ നോട്ടം.
പ്രവാചകന്‍ തിരുമേനിയുടെ സദസ്സില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും പ്രവാചകന്‌ തന്നോടാണ്‌ കൂടുതല്‍ സ്‌നേഹവും അടുപ്പവും കാണിക്കുന്നതെന്ന്‌ തോന്നുമായിരുന്നു. ഇതിനാണ്‌ കണ്ണുകളുടെ മാസ്‌മരിക ഭാഷ എന്ന്‌ പറയുന്നത്‌. അതുകൊണ്ട്‌ താങ്കളുടെ സ്‌നേഹനിര്‍ഭരമായ നോട്ടം കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ പതിയട്ടെ.
സ്‌നേഹസ്‌പര്‍ശം
ഉയരത്തില്‍ നിന്നുകൊണ്ടല്ല മക്കളോട്‌ സംസാരിക്കേണ്ടത്‌. അതായത്‌ നിങ്ങള്‍ ഉയരത്തില്‍ ഒരു കസേരയില്‍ ഇരിക്കുന്നു. മകന്‍ താഴെ നിലത്തും. അപ്പോള്‍ നിങ്ങളുടെ സംസാരമാകട്ടെ ഒരു മിലിറ്ററി ഓഫീസര്‍ സാദാ പട്ടാളക്കാരനോട്‌ സംസാരിക്കുന്നത്‌ പോലെയാകും. ഇങ്ങനെ അകലം പാലിച്ചുകൊണ്ടല്ല സംസാരിക്കേണ്ടത്‌. മകനോട്‌/മകളോട്‌ സംസാരിക്കുമ്പോള്‍ തോളില്‍ കൈവെക്കാം. സ്‌പര്‍ശനത്തില്‍ മൃദുലതയും ഊഷ്‌മളതയും വേണം, സംസാരത്തിലും അതെ. ഈ സ്‌പര്‍ശം പിതൃത്വത്തിന്റെ സ്‌നേഹവികാരങ്ങളുടെ സ്‌പര്‍ശമാണ്‌. ആ സ്‌പര്‍ശത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന ബോധം ജനിക്കും. പിതാവിന്റെ അംശമാണ്‌ തങ്ങളെന്ന ബോധം അവര്‍ക്കുണ്ടാവും.
സ്‌നേഹാലിംഗനം
പലതരത്തിലുള്ള സ്‌നേഹപ്രകടനങ്ങള്‍ കുട്ടികള്‍ക്ക്‌ ആവശ്യമുണ്ട്‌. അല്ലെങ്കിലത്‌ മാനസികാസ്വസ്ഥതകള്‍ക്ക്‌ വഴിവെക്കും സ്‌നേഹാലിംഗനം അതിലൊന്നാണ്‌. മക്കളെ അണച്ചുപിടിക്കാന്‍ മാതാപിതാക്കള്‍ പിശുക്ക്‌ കാണിക്കരുത്‌. ഭക്ഷണ പാനീയം ആവശ്യമുള്ളത്‌ പോലെ അവര്‍ക്കീ ആലിംഗനവും ആവശ്യമാണ്‌.
സ്‌നേഹചുംബനം
പ്രവാചകന്‍ തന്റെ പേരക്കുട്ടികളായ ഹസ്സനെയും ഹു സൈനെയും ചുംബിക്കുന്നത്‌ കണ്ട്‌ അഖ്‌റഅ്‌ബ്‌നു ഹാബിസ്‌ എന്ന സ്വഹാബി ചോദിച്ചു. ``പ്രവാചകരെ താങ്കള്‍ കുഞ്ഞുങ്ങളെ ചുംബിക്കുകയോ? പടച്ചവനാണേ, എനിക്ക്‌ പത്തു കുട്ടികളുണ്ട്‌ ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല. ``പ്രവാചകന്റെ മറുപടി ഇങ്ങനെ: ``താങ്കളുടെ ഹൃദയത്തില്‍ നിന്ന്‌ അല്ലാഹു കാരുണ്യം എടുത്തുകളഞ്ഞതിന്‌ എനിക്ക്‌ എന്ത്‌ ചെയ്യാന്‍ പറ്റും!'' മാതാപിതാക്കളുടെ സ്‌നേഹചുംബനങ്ങള്‍ കുട്ടികള്‍ക്ക്‌ അഭയമായും സുരക്ഷിതത്വമായും അനുഭവപ്പെടും. കുട്ടികളെ അടുപ്പിച്ച്‌ നിര്‍ത്താനുള്ള മാര്‍ഗമാണ്‌ അത്‌. വാക്കുകള്‍ കൊണ്ട്‌ മനസ്സിനേറ്റ മുറിവുകള്‍ അത്‌ മായ്‌ച്ച്‌ കളയും.
സ്‌നേഹ പുഞ്ചിരി
പുഞ്ചിരി മനസ്സുകളില്‍ സന്തോഷം നിറക്കാനുള്ള എളുപ്പമാര്‍ഗമാണ്‌. കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെ അത്‌ ഊഷ്‌മളമാക്കും. ഒട്ടേറെ നന്മകളെ വളര്‍ത്തുകയും തിന്മകളെ മായ്‌ച്ച്‌ കളയുകയും ചെയ്യും.

6 അഭിപ്രായങ്ങൾ:

 1. `മകനെ, കുത്തുക എന്നത്‌ തേളിന്റെ പ്രകൃതമാണ്‌. സ്‌നേഹിക്കുകയും അനുകമ്പ കാണിക്കുകയും ചെയ്യുക എന്നത്‌ എന്റെ പ്രകൃതവും...

  _________________
  നന്‍മയുള്ള പോസ്റ്റ്.....

  മറുപടിഇല്ലാതാക്കൂ
 2. നന്നായി.ഭൂരിഭാഗം നിലപാടുകളോടും യോജിപ്പ്.

  എല്ലാ കുട്ടികളോടും ഒരേ രീതിയില്‍ പെരുമാറുക അസാധ്യമാണ്.സ്നേഹിക്കാം പരിഗണിക്കാം പരിലാളിക്കാം ഒക്കെ ചെയാം.പക്ഷെ ചില കുസൃതി ക്കുരുന്നുകളെ ഭയപ്പെടുത്തി നിര്‍ത്താതെ തരമില്ല.വിദഗ്ദ്ധര്‍ക്ക് അങ്ങനെ പലതും എഴുതി വയ്ക്കാം.ആരും വടിയെടുത്ത് പോകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്.ഒരു കുട്ടിയേയും അപ്പനെയും ഓര്‍മ വരുന്നു.ഭയങ്കര കുസൃതിയാണ് ചെക്കന്‍..,എന്ത് തോന്യവാസം കാട്ടിയാലും അപ്പന്‍ അനങ്ങില്ല.ആ കുഞ്ഞിനെങ്ങനെ തെറ്റും ശരിയും മനസ്സിലാകും.സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കണം എന്നൊക്കെ ഉപദേശിക്കാന്‍ എളുപ്പമാണ്.നിരവധി തവണ പറഞ്ഞിട്ടും തെറ്റ് ആവര്‍ത്തിക്കുന്ന കുട്ടിചാത്തന്മാരെ എന്ത് ചെയ്യണം.മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍ വേണ്ട.ചില സന്ദര്‍ഭങ്ങളില്‍ അടി കിട്ടും എന്നാ ഭയം തെറ്റില്‍ നിന്നും പിന്തിരിപ്പിക്കും.പ്രധാനപ്പെട്ട കാര്യം എന്തിനു ശിക്ഷിച്ചു എന്ന് കുട്ടി മനസ്സിലാക്കണം എന്നതാണ്.എന്‍റെ കുഞ്ഞുങ്ങള്‍ക്ക് സ്നേഹസ്പര്‍ശം സ്നേഹാലിംഗനം സ്നേഹചുംബനം ഒക്കെ കിട്ടുന്നുണ്ട്‌..,അവര്‍ പറയുന്നത് ക്ഷമയോടെ കേട്ടിരിയ്ക്കുന്നുണ്ട്.ഒപ്പം വളരെ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ നല്ല ചുട്ട അടിയും ഉണ്ട്.അത് ആദ്യത്തെ മരുന്ന് ആകുന്നതാണ് പ്രശ്നം.നിങ്ങള്‍ മക്കളെ അവശ്യം ശിക്ഷിച്ചു വളര്‍ത്തുക.അല്ലെങ്കില്‍ സമൂഹം അവരെ ശിക്ഷിക്കും.

  മറുപടിഇല്ലാതാക്കൂ
 3. നിങ്ങളുടെ സംശയങ്ങള ശരിയാണ് ,ഭൂമിയിലെ ഓരോ ആണും പെണ്ണും ജീവിക്കുന്നത് തന്നെ മക്കളെ പെറ്റുപോറ്റാനും വളര്‍ത്തി വലുതാക്കാനും ആശിച്ചാണ്. ഒരോ ആണിന്റെയും പെണ്ണിന്റെയും ജീവിത ലക്ഷ്യം തന്നെ തന്റെ പൊന്നോമന മക്കള്‍ എല്ലാവരെക്കാളും മികച്ചവരാവണമെന്നാണ്. ആ ലക്ഷ്യം വല്ലാതെയൊന്നും പൂര്‍ത്തീകരിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ കൂടുതലില്ല. വിധിയെ ശപിച്ചും കാലത്തെ പഴിച്ചും നാളുകളെണ്ണി തീര്‍ക്കാനാണ് പല മക്കളെക്കൊണ്ടും രക്ഷിതാക്കള്‍ക്ക് ലഭിച്ച ഗുണം. കുഞ്ഞിനെ ഗര്‍ഭം ചുമക്കുമ്പോള്‍ മാതാവാകാന്‍ പോകുന്നവളും പിതാവാകാന്‍ പോകുന്നവനും ഒരുപാട് സ്വപ്നങ്ങള്‍ കാണും. പുത്തനുടുപ്പും കളിക്കോപ്പും പ്രസവിക്കും മുമ്പേ കരുതിവെക്കും. ഒന്നാം പിറന്നാളാഘോഷിക്കും മുമ്പേ ഏറ്റം മുന്തിയ സ്‌കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്താനുള്ള ശ്രമവും തുടങ്ങും. സാമ്പത്തിക ഭദ്രതയനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും മക്കള്‍ക്കായുള്ള കരുതിവെപ്പുകളും പ്രതീക്ഷകളും ഇതൊക്കെതന്നെ.
  വാനോളം ഉയര്‍ന്ന പ്രതീക്ഷകള്‍ പാതാളത്തോളം താഴാന്‍ വെറും പത്തോ പന്ത്രണ്ടോ വര്‍ഷം മാത്രം . മക്കള്‍ കൗമാരത്തോടടുക്കുമ്പോള്‍ നാം പറയുന്നത് അവര്‍ക്കും അവര്‍ പറയുന്നത് നമുക്കും മനസ്സിലാക്കാന്‍ വല്ലാത്തൊരു പ്രയാസം. എനിക്കെവിടയാണ് പിഴച്ചത്? ഞാനെന്തെല്ലാം നല്‍കി; എന്നിട്ടുമെന്തേ എന്റെ മകനും മകളും ഇങ്ങനെ? എന്നവർ ചോദിക്കുന്നു !!താങ്ക്സ് രൂപേഷ് ഭായ്

  മറുപടിഇല്ലാതാക്കൂ
 4. എന്ത് പറയാൻ ഈ വാർത്ത കേട്ടത് മുതൽ ഒരു അമ്പരപ്പാണ് മനസ്സിൽ

  മറുപടിഇല്ലാതാക്കൂ
 5. പഴയ കാലങ്ങളെക്കാള്‍ ഈ പ്രവണത് ഇന്ന് കൂടുതലാണ് .. ഈ ലോകത്തുനിന്നും സ്നേഹം മരിച്ചു കൊണ്ടിരിക്കുന്നു ...കൂട്ടുകുടുംബങ്ങളുടെ ഛിദ്രത ഇതിനൊരു കാരണമാണെന്നു എനിക്കു തോന്നുന്നു

  മറുപടിഇല്ലാതാക്കൂ

തിരഞ്ഞെടുത്ത പോസ്റ്റ്

.............. വിട പറയും മുൻപേ ......

...................ഇന്ന് കാൻസർ ദിനം                        ........ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയ...